കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ

 

ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:വയലാര്‍
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം: പി ജയചന്ദ്രന്‍,പി ലീല, സി ഒ ആന്റോ,സി സോമന്‍,റ്റി സോമന്‍, വര്‍ഗ്ഗീസ്


കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ
കാലമാകും കല്ലോലിനിയുടെയോരോ കൈവഴികൾ
അവയൊഴുകുന്ന നീരാഴിമുഖത്തൊരുമിച്ചെത്തുന്നു
ജന്മങ്ങൾ അവയിലെ ജലബുദ്ബുദങ്ങൾ, മൃണ്മയ പുഷ്പങ്ങൾ!

പ്രളയക്കാറ്റിൽ പൊട്ടിത്തകരും പ്രപഞ്ചദാഹങ്ങൾ
പഞ്ചഭൂതപഞ്ജരത്തിൽ പിടയും മോഹങ്ങൾ!
ആദിയുഗത്തിൻ നാഭീനളിനദലങ്ങൾ വിടർന്നൊരു കാലം,
അവയിലലൗകികസുന്ദര സർഗ്ഗപ്രതിഭയുണർന്നൊരു കാലം

അണ്ഡകടാഹഭ്രമണപഥങ്ങളിലമൃതു തളിക്കുമുഷസ്സിൽ
അങ്ങും ഞാനും പ്രകൃതിയുമൊന്നിച്ചന്നു കൊളുത്തിയ നാളം
അണുപരമാണുപരമ്പരകളിലെ പ്രണയജ്വാലാനാളം
ആ നിമിഷം മുതൽ ഊതിയണയ്ക്കാൻ അണയുകയല്ലോ മൃത്യു!

നഗ്നപദങ്ങളിൽ നഖമുന നീട്ടി, നെറ്റിക്കണ്ണു വിടർത്തി
കറുത്ത ചിറകും വീശി വരുന്നു കാലാതീതൻ മൃത്യു!
അഭയം നൽകും തേജോരൂപനെ അപാരതേ നീ കണ്ടോ?
അരയാലിലയിൽ, കാരണജലധിത്തിരമാലയിലവനുണ്ടോ?
ഞാനൊരചുംബിത പുഷ്പദളത്തിലെ മൗനരാഗം പോലെ.

No comments:
Write comments